Sunday, March 2, 2008
എന്റെ ദൈവാന്വേഷണപരീക്ഷകള്--ധര്‍മശാസ്താവെ ശരണം
ഏതാണ്ട് 25 വയസ് വരെ മനുഷ്യന്‍ ഒരു നിരീശ്വരവാദിയും വിപ്ലവകാരിയുമായിരിക്കും.അല്ലെങ്കില്‍ അയാള്‍ക്ക് തല(ബുദ്ധി)യില്ല.ഏതാണ്ട് 25 വയസ് കഴിഞ്ഞാല്‍ അയാള്‍ ഈശ്വരവിശ്വാസിയും യാഥസ്തിതികനുമായി മാറും.അല്ലെങ്കില്‍ അയാള്‍ക്ക് ഹൃദയമില്ല(വികാരമില്ല).ഏതാണ്ട് ഈ ആശയം വരുന്ന ഒരു ചൊല്ലുണ്ട്.ഏതായാലും ഞാന്‍ ഏതാണ്ട് 25 വയസ് വരെ കടുത്ത നിരീശ്വരവാദിയായിരുന്നു.പിന്നീട് സംശയവാദിയായി മാറി.ഇപ്പോള്‍ ഒരു മിക്സെഡ് വാദിയാണ്.25 വയസ് കഴിഞ്ഞപ്പോള്‍ ആണ് മനസിലായത് ഈ ജീവിതത്തിന്റേയും ലോകത്തിന്റെയും പോക്ക് നമ്മുടെ ഇച്ഛ്ക്കല്ല.അതിനെ എങ്ങനെയൊക്കെ ശ്രമിച്ചാലും നാം ഉദ്ദേശിക്കുന്ന രീതിയില്‍ കൊണ്ടുവരാനോ,നയിക്കാനോ,മാറ്റാനോ കഴിയില്ല എന്ന്.എന്നാല്‍ പിന്നെ ലോകത്തെ നന്നാക്കാല്‍ ഉപെക്ഷിച്ച്-അത് അതിന്റെ പാട്ടിന് പോകട്ടെ-സ്വയം നന്നാക്കാമോ എന്നായി പരിശ്രമം.അവിടെയും രക്ഷയില്ല.ജീവിതത്തിന്റെ പോക്ക് നമ്മുടെ രീതിക്കും ഇച്ഛ്ക്കുമല്ല.സ്റ്റിയറിംഗ് മറ്റാരുടെയോ കയ്യിലാണ്. ഉറപ്പായി.ഈ അവസ്ഥയിലാണ് ഞാന്‍ സംശയവാദിയായത്. ജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന അവസ്ഥയില്‍ പകച്ചു നില്‍ക്കുമ്പോള്‍ എന്നെ പ്രായമുള്ള ഒരു സുഹൃത്ത് യാദൃശ്ചികമായി ഒരു ജ്യോത്സ്യന്റെ അടുക്കലേക്കെത്തിക്കുന്നത്.അയാള്‍ നിരവധി കാര്യങ്ങള്‍ പറഞ്ഞു പോകുന്ന കൂട്ടത്തില്‍ പറഞ്ഞ ഒരു വാചകം കേട്ട് ഞാന്‍ സത്യമായും ഞെട്ടിപ്പോയി."ശബരിമല അയ്യപ്പന്റെ ഒരു പ്രത്യേക പ്രീതി കാണൂന്നുണ്ടല്ലോ?"ഇതു കേട്ട് ഞാന്‍ ഞെട്ടാന്‍ കാരണമുണ്ട്.20-മത്തെ വയസില്‍ കടുത്ത നിരീശ്വരവാദിയായിരുന്ന സമയത്ത് ശബരിമലക്ക് പോയി.കാരണമുണ്ട്.ഞങ്ങളുടെ ഗ്യാങ്ങില്‍ പെട്ട നരേന്ദ്രന്‍ ഇടക്ക് കാലു മാറി ഈശ്വരവാദിയായി മാറി.ഒരു ഒഴിവു ദിവസം ഉച്ച കഴിഞ്ഞ സമയത്ത് നരേന്ദ്രന്റെ വീട്ടിലീത്തിയപ്പോള്‍ അവിടെ കെട്ടുനിറ നടക്കുന്നു.നരേന്ദ്രന്‍ പറഞ്ഞു."ഞാനും അനുജനും മാത്രമേ ഉള്ളൂ,കാറില്‍ സ്ഥലമുണ്ട്.പോരുന്നുണ്ടോ?"എങ്കില്‍ പിന്നെ പോയേക്കാം എന്നായി ഞാന്‍.ഫ്രീ റ്റ്രിപ്.തിരക്കില്ല്ല.എന്താണ്‍ ശബരിമലയില്‍ ഇത്ര വിശേഷം എന്നറിയാമല്ലോ!നേരെ വീട്ടിലെത്തി ഒരു കാവി മുണ്ടെടുത്ത് ഉടുത്തു.അമ്മയോട് വിവരം പറഞ്ഞു.അന്തിച്ചു നില്‍ക്കുകയാണ് അമ്മ.ഭാഗ്യം തടസമൊന്നും പറഞ്ഞില്ല.ഞങ്ങള്‍ ശബരിമലയിലേക് യാത്രയായി.കാടിന്റെ വന്യമായ സൗന്‌ദര്യവും വശ്യതയും.വെറുതെയല്ല മനുഷ്യര്‍ ശബരിമലയില്‍ പോകാന്‍ ഇഷ്ടപ്പെടുന്നത് എന്നെനിക്ക് മനസിലായി.ഒരിക്കല്‍ പോയാല്‍ പിന്നെയും പോകാന്‍ തോന്നും.ആ കാട് മനസിന്‍ നല്‍കുന്ന ശാന്തതയും സ്വച്ച്ക്തയും പറഞ്ഞറിയിക്കാന്‍ വയ്യ.ആദിമ മനുഷ്യന്‍ വനാന്തരങ്ങളിലാണല്ലോ ജീവിച്ചത്.അതിന്റെ സ്വാധീനം നമ്മുടെ ജീനുകളിലുമുണ്ടാവാം.അതുകൊണ്ടായിരിക്കം നാം കാടിനെ ഇഷ്ടപ്പെട്ടു പോകുന്നത്.ശബരിമലയിലെത്തി.ഞാനൊരു വിനോദയാത്രയുടെ മൂഡിലാണ്.കെട്ടില്ലത്തതിനാല്‍ ഞാന്‍ പിറകിലൂടെയാണ് കയറിയത്. ആദ്യത്തെ ആഴ്ച്ച ആയതുകൊണ്ട് അത്ര തിരക്കില്ല.എനിക്ക് വേണ്ട അഭിഷേക സാധനങ്ങള്‍ നരേന്ദ്രന്‍ കരുതിയിരുന്നു.ശബരിമല ശാസ്താവിനെ മുന്നില്‍ നിന്നു തന്നെ കണ്ടു.പിറകില്‍ ഭക്തര്‍ ഭക്തോന്മാദത്തില്‍ അലറി വിളിക്കുകയാണ്."സ്വാമിയേ ശരണമയാപ്പാ..."എനിക്ക് ചിരി വന്നു.ഇവര്‍ക്കൊക്കെ എന്തിന്റെ വട്ടാണ്.ഭൂരിപക്ഷം പേര്‍ വിശ്വസിക്കുന്നാതു കൊണ്ട് മാത്രം ഒരു കാര്യം ശരിയാകണമെന്നില്ലല്ലോ. ഭൂമി പരന്നാതാണെന്ന് കോടാനു കോടി മനുഷ്യര്‍ വിശ്വസിച്ചിരുന്നു.വല്ല കാര്യവുമുണ്ടായോ? ഭൂമി യഥാര്‍ഥത്തില്‍ ഉരുണ്ടതായിരുന്നല്ലോ.വിഗ്രഹത്തിനു മുന്‍പില്‍ നിന്നപ്പോള്‍ തോന്നിയത് ചില ചീത്ത വാക്കുകളാണ്.പിന്നെ തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍ ഒരു തോന്നല്‍.പതിനെട്ടാം പടി ചവിട്ടിയാലോ?അത്ര വിശേഷമാണെങ്കില്‍ ഒന്നു ചവിട്ടിയിട്ടു തന്നെ കാര്യം. തിരിച്ചു പോകുമ്പോള്‍ കെട്ടില്ലതെയും പടി ചവിട്ടി ഇറങ്ങാം.പതിനെട്ടാം പടി ചവിട്ടി ഇറങ്ങി.കാലടിയില്‍ ചെറിയ തണുപ്പല്ലാതെ ഒന്നും തോന്നിയില്ല.സുഖമായി തിരിച്ചെത്തി.വര്‍ഷം 7 കഴിഞ്ഞത് ആദ്യമായി ജ്യോത്സനെ കണ്ടപ്പോള്‍ ജ്യോത്സന്‍ പറയുകയാണ്."ശബരിമല ശാസ്താവിന്റെ പ്രീതിയുണ്ട്"എന്ന്.എങ്ങനെ ഞാന്‍ ഞെട്ടാതിരിക്കും?കെട്ടില്ലാതെ പോയിട്ടും അവിടെ ചെന്ന് ചീത്ത(മനസില്‍) പറഞ്ഞിട്ടും പ്രത്യേക പ്രീതിയുണ്ടത്രെ!അതും എന്നെ യാതൊരു പരിചയവുമില്ലത്ത ഒരു മനുഷ്യന്‍ വെറും കളങ്ങളില്‍ നോക്കിയാണിത് പറയുന്നത്. എന്റെ നിരീശ്വരവാദത്തിന് ഇളക്കം തട്ടി.അറിയാത്തത് എന്തൊക്കെയോ എവിടെയോ ഉണ്ട്. നമുക്ക് മനസിലാവത്തത് പലതും.പിന്നീട് ശാസ്താവിനെ നിന്ദിക്കാന്‍ ധൈര്യം ഉണ്ടായിട്ടില്ല.സ്വാമിയേ ശരണമയ്യപ്പാ!
Subscribe to:
Posts (Atom)