ചൊവ്വരക്കടുത്താണ് എടനാട് അമ്പലകുളങ്ങര ഭഗവതിക്ഷേത്രം.ഉഗ്രമൂര്‍ത്തിയായ ദേവി.തുറന്ന അമ്പലം.കൂടെ മറ്റ് ദേവീദേവന്മാരുമുണ്ട്.പണ്ടൊക്കെ രാത്രി ആവഴി പോകാന്‍ ഭയമായിരുന്നു.പാലേലി മനവകയാണ് ക്ഷേത്രം.ഉത്സവ നാളുകളില്‍ "നാണയപ്പറ" എന്ന പ്രത്യേക വഴിപാടുണ്ട്.ചെറിയ പറ നിറയെ നാണയങ്ങള്‍ വാരിനിറക്കുക.കടബാധ്യതകള്‍ തീരും എന്നാണ് വിശ്വാസം.ജാതകത്തിലെ ശകടയോഗം കൊണ്ടാവാം എന്നും കടം മാത്രം.ഇപ്പോഴാകട്ടെ മൂക്കുവരെ മുങ്ങിയ അവസ്ഥയിലാണ്.മനക്കലെ തിരുമേനി ശ്രീ.പാലേലി മോഹനാണ് ഈ വഴിപാടിനെപ്പറ്റി പറഞ്ഞത്.
"കടങ്ങള്‍ മാറും.അനുഭവമുണ്ട്."പാലേലി പറഞ്ഞു.
എന്നാല്‍ പിന്നെ ചെയ്യാമന്നു ഞാനും.രണ്ടുമൂന്നുവര്‍ഷം ചെയ്തു.പിന്നെ നിന്നു,യാതൊരു മാറ്റവുമില്ല.രണ്ടുവര്‍ഷം മുമ്പ് വീണ്ടും ചെയ്യണമെന്നൊരു തോന്നല്‍.ഉത്സവകാലമാണ്.രാവിലെ അമ്പലത്തിലെത്തി.പണമടച്ചുരസീതുവാങ്ങി.ഒരു പഴയകാല നിരീശ്വരവാദി ആയതുകൊണ്ട് ഒരു ചമ്മലുമുണ്ട്.
"അല്‍പനേരം നില്‍ക്കണം.പറ അടുത്തൊരു വീട്ടിലാണ്.കൊണ്ടുവരാന്‍ ആളു പോയിട്ടുണ്ട്"
ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു.എനിക്ക് അത്ഭുതമായി.പറ അമ്പലത്തിലല്ലേ സൂക്ഷിക്കേണ്ടത്,ഇതെന്തുകഥ!ഏതായാലും അല്‍പനേരം കാത്തുനില്‍ക്കാം.സമയം ഇഴഞ്ഞുനീങ്ങി.ഞാന്‍ നടയ്ക്കല്‍ തന്നെ പ്രാര്‍ത്ഥനാപൂര്‍വം നില്‍ക്കുകയാണ്.ഉത്സവകാലമായതുകൊണ്ട് വിഗ്രഹങ്ങള്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്.അരമണിക്കൂര്‍ കഴിഞ്ഞു.ഞാന്‍ കാത്തുനിന്നു മടുത്തു.പോയിട്ട് തിരക്കുമുണ്ട്.ഞാന്‍ അസ്വസ്ഥനായി.ഭാരവാഹികളിലൊരാള്‍ വന്ന് ക്ഷമാപണത്തോടെ പറഞ്ഞു.
"പറകൊണ്ടുവരാന്‍പോയ ആള്‍ എത്തിയിട്ടില്ല.വഴിപാട് നാളെരാവിലെ നടത്തിയാല്‍ മതിയോ"
ഞാന്‍ അയാളെ തുറിച്ചു നോക്കി.അയാള്‍ സ്ഥലം വിട്ടു.എനിക്ക് ദേഷ്യവും സങ്കടവും വന്നു.കടം തീരാന്‍ നാണയപ്പറ വഴിപാടുനടത്താന്‍ വന്നിട്ട് പറയുമില്ല, നാണയവുമില്ല.വഴിപാടിനുപോലും തടസം.കടം തീരില്ല എന്നല്ലേ അര്‍ത്ഥംഅസ്വസ്ഥനായ ഞാന്‍ ഇങ്ങിനെ ചിന്തിച്ചു.ഒന്നുകില്‍ ദേവിക്ക് ശക്തിയോ എന്നോട് പ്രീതിയോ ഇല്ല,അല്ലെങ്കില്‍ വഴിപാടുപോലും നടത്താതിരിക്കാന്‍ പറ്റുമോ.നടക്കല്‍നിന്ന് ഞാനൊരു ശപഥമെടുത്തു.
"ദേവിക്ക് ശക്തിയും എന്നോട് പ്രീതിയും ഉണ്ടെങ്കില്‍ അതിന്റെ വ്യക്തമായ സൂചന നല്‍കണം.അല്ലാത്തപക്ഷം ഞാനൊരിക്കലും ഈ നടചവിട്ടില്ല"ദേഷ്യവും സങ്കടവുമായി ഞാന്‍ സ്ഥലം വിട്ടു.വൈകീട്ടു വരുമ്പോള്‍ ഗംഭീരമായ ഉത്സവം നടക്കുന്നു.അതൊന്നും ശ്രദ്ദിക്കാതെ ഞാന്‍ വീട്ടിലെത്തി.ചായ തരുമ്പോള്‍ ഭര്യ പറഞ്ഞു.ഇളയച്ചന്റ് മകനും ഭാര്യയും വന്നിരുന്നു.അവരമ്പലത്തിലേക്ക് പോയിരിക്കുകയാണ്."ആ" ഞാനൊന്നു മൂളി.പിന്നെ ടിവിയുടെ മുന്നില്‍ തപസായി.രാത്രി ഒന്‍പതുമണി ആയിക്കാണും.ദാവരുന്നു അനുജനുംഭാര്യയും.(ഇളയച്ചന്റെ മകനും ഭാര്യയും.) അവളുടെ കയ്യില്‍ വലിയൊരു പാത്രമുണ്ട്.പാത്രം താങ്ങിയവള്‍ അകത്തേക്കു കടന്നു.അപ്പോഴാണു ശ്രദ്ദിച്ചത് അവള്‍ വളരെ ദേഷ്യത്തിലാണ്.കലിതുള്ളിയാണ് നടപ്പ്."ചേച്ചി ഇതാ പായസം.പാത്രമെടുക്ക്.എനിക്കു വേഗം പോകണം.അനുജന്‍ ചമ്മലോടെ ഇരിക്കുകയാണ്.ഞാന്‍ ചോദിച്ചു.
"അവള്‍ വളരെ ദേഷ്യത്തിലണല്ലോ? എന്താണ് പ്രശ്നം?"
"ഏയ്, ഒന്നുമില്ല."എന്നായി അവന്‍.അകത്ത് പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദം.ഭാര്യയുടെ ശബ്ദം കേള്‍ക്കാം.
"നില്‍ക്കെടീ,നീയെന്തിനാ ഇങ്ങനെ തിരക്കു പിടിക്കുന്നത് ഊണ് കഴിഞ്ഞ് പോകാം."
അനുജത്തി അകത്തുനിന്നു വന്നു.കലികയറിചുവന്ന മുഖം.
"എന്താ നിനക്കു പറ്റിയത്?ഇരിക്ക്.ഊണുകഴിഞ്ഞു പോകാം."ഞാന്‍ പറഞ്ഞു.
"എനിക്കു നില്‍ക്കാന്‍ നേരമില്ല.ഞാന്‍ പോകുകയാണ്."അവള്‍ ചാടിത്തുള്ളി മുറ്റത്തേക്കിറങ്ങി.പിന്നാലെ ചമ്മിയമുഖത്തോടെ അനുജനും.അവര്‍ പോയി.ഭാര്യ തന്ന ചൂടുപായസം കഴിക്കുമ്പോഴും ഞാന്‍ അസ്വസ്ഥനായിരുന്നു.
"എന്തിനാണവള്‍ ദേഷ്യപ്പെട്ടത്?എന്താ പ്രശ്നം?"ഞാന്‍ ചോദിച്ചു.
"അവര്‍ തമ്മില്‍ വഴക്കിട്ടാണ് വന്നത്.അതുകൊണ്ടാണ്."ഭാര്യ പറഞ്ഞു.അവര്‍ തമ്മില്‍ വഴക്കിട്ടാല്‍ ആ ദേഷ്യം എവിടെച്ചെന്നാലും കാണിക്കുന്നത് അനുജത്തിയുടെ സ്വഭാവമായിരുന്നു.പലപ്പോഴും ഉപദേശിച്ചിട്ടുണ്ടെങ്കിലും ഫലമില്ല.ഇങ്ങനെയാണെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.എന്താണാവോ അവളിങ്ങനെ കലിതുള്ളി വന്നത്.ഊണുകഴിഞ്ഞ് വീണ്ടും ടിവിക്കു മുന്നില്‍ ധ്യാനം. അമ്പലത്തില്‍ ഉത്സവമേളം തകര്‍ക്കുകയാണ്.എന്റെ മനസ്സിലെ കിരുകിരുപ്പ് മാറുന്നുമില്ല.പെട്ടന്ന് എന്റെ മനസ്സില്‍ വെളിച്ചം വീണു.അതെ-രാവിലെ നടയില്‍ വച്ച് ഞാനെന്താണ് ശപഥം ചെയ്തത്,ദേവിക്ക് ശക്തിയും പ്രീതിയുമുണ്ടെങ്കില്‍ അതിന്റെ സൂചനനല്‍കണമെന്നല്ലേ.ഇത് ആ സൂചന തന്നെയല്ലേ.അവളുടെ കലികയറിയ വരവ്,കയ്യില്‍ ചൂടുള്ള പായസം.ഇതല്ലേ ശക്തിയുടേയും പ്രീതിയുടേയും സൂചന?അല്ലാതെ ലക്ഷണം കാണിക്കാന്‍ ദേവി നേരിട്ട് പ്രത്യക്ഷപ്പെടുകയൊന്നുമില്ലല്ലോ(ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ടാല്‍ ദൈവമേ അതോടെ കഥ തീരുമല്ലോ)എന്റെ മനസ്സിലൊരു മഴ പെയ്തു.മനസ്സില്‍ ആശ്വാസം,കുറ്റബോധം.പിറ്റേന്നുരാവിലെതന്നെ അമ്പലത്തിലെത്തി എല്ലാം റെഡി.വഴിപാടു നടത്തി. സാഷ്ടാഗം നമസ്ക്കരിച്ചു.സര്‍വ്വാഭരണ വിഭൂഷിതയായ ദേവി ഒന്നുചിരിച്ചുവോ?അതോ നിസ്സംഗയായി നോക്കിയോ?
അമ്മേ! ദേവീ! ഭഗവതീ!
നീറഞ്ഞമനസ്സോടെ ഞാന്‍ തൊഴുതു മടങ്ങി.
Saturday, May 10, 2008
Subscribe to:
Posts (Atom)